ചാലിയാർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
പഞ്ചായത്തിന്‍റെ ഭൂപ്രകൃതി

1979 ഡിസംബര്‍ 25-ാം തിയതിയാണ് ചാലിയാര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. 124.28 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 60% പ്രദേശം വനമേഖലയാണ്. 24650 വരുന്ന ജനസംഖ്യയില്‍ 12042 പേര്‍ സ്ത്രീകളും 12608 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 80% ആണ്. ഭൂപ്രകൃതി അനുസരിച്ച് ചാലിയാര്‍ ഗ്രാമപഞ്ചായത്തിനെ സമതലപ്രദേശങ്ങള്‍, ചെറുകുന്നുകള്‍, മലമ്പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ ഏകദേശം 7% ത്തോളം സമതലങ്ങള്‍ ആണ്. 28% ചെറുകുന്നുകളും 65% ത്തോളം മലമ്പ്രദേശങ്ങളുമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഇവിടെ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു. 1912ല്‍ ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍ കൃഷി ആരംഭിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ സര്‍വ്വേ നടത്തിയ സ്ഥലങ്ങളില്‍ ഒന്ന് ഈ പഞ്ചായത്തിലെ എടിവണ്ണ എന്ന പ്രദേശത്തായിരുന്നു. ആദ്യമായി പഞ്ചായത്തില്‍ റബ്ബര്‍ കൃഷി ആരംഭിച്ചതും ഇവിടെത്തന്നെയാണ്. ഇന്നും പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിള റബ്ബറാണ്. നെല്ല്, തെങ്ങ്, കശുമാവ്, കവുങ്ങ്, കുരുമുളക് എന്നിവയും വാഴ, മരച്ചീനി, ഏലം എന്നീ കൃഷികളും ചെയ്തു വരുന്നു. ചാലിയാര്‍ പുഴ 15 കി.മീറ്റര്‍ ദൂരത്തോളം ചാലിയാര്‍ പഞ്ചായത്തിന്റെ തെക്കുഭാഗം അതിരിടുന്നു. കുറുവന്‍ പുഴയും കാഞ്ഞിരപ്പുഴയുമാണ് പഞ്ചായത്തിലെ മറ്റു പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചായത്തില്‍ പ്രധാനമായും 4 പൊതുകുളങ്ങളും ധാരാളം ചെറുകുളങ്ങളുമുണ്ട്. വടക്കേ പെരുമുണ്ടകുളം, മൈലാടി കുളം, എടിവണ്ണ കുളം, പാലക്കയം കുളം എന്നിവയാണ് പൊതുകുളങ്ങള്‍. 6 ജലസേചന കനാലുകളും കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു. വേങ്ങാട് പെരുമ്പത്തൂര്‍ കനാല്‍, മണ്ണുപാടം മൈലാടി കനാല്‍, അകമ്പാടം പാടശേഖരം കനാല്‍ തുടങ്ങിയ കനാലുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ മല വെള്ളരിമലയാണ്. കൂടാതെ മാണിക്യമുടി, കുറുവന്‍കുന്ന്, തമ്പുരാന്‍ കൊല്ലി, മഞ്ഞപ്പാറ മല എന്നിവ ഈ പഞ്ചായത്തിലെ പ്രധാന മലനിരകള്‍ ആണ്. പഞ്ചായത്തിലെ  മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. ഗ്രാമപഞ്ചായത്തില്‍ 50 പൊതുകിണറുകള്‍ ഉണ്ട്. 200 തെരുവുവിളക്കുകള്‍ സഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. ഈ പഞ്ചായത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഉണ്ട്. പ്രകൃതിമനോഹരമായ ആഡ്യന്‍പാറ വെള്ളച്ചാട്ടം കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്താറുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് പ്ളാന്റേഷനായ കനോലി പ്ളോട്ട് ഈ പഞ്ചായത്തിലാണ്. കരുമ്പായിക്കോട്ട, കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവയും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. പഴശ്ശിരാജ ഒളിപ്പോര്‍ യുദ്ധകാലത്ത് നിര്‍മ്മിച്ചതാണെന്നു കരുതുന്ന ഗുഹ നായാടുംപൊയില്‍ എന്ന സ്ഥലത്ത് കാണാം. ആഡ്യന്‍പാറയിലും കോഴിപ്പാറയിലും ഉള്ള ഇക്കോ-പാര്‍ക്കുകളും പഞ്ചായത്തിലെ ആകര്‍ഷണങ്ങളാണ്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ചന്തക്കുന്ന് ബസ്സ്റ്റാന്റ്, നിലമ്പൂര്‍ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ വാളാംതോട് റോഡ്, അകമ്പാടം ഭൂദാനം റോഡ് എന്നിവയാണ് പഞ്ചായത്തിലുള്ള പ്രധാന റോഡുകള്‍. ഈ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നിരവധി റോഡുകള്‍ പഞ്ചായത്തിലുണ്ട്. കളത്തിന്‍കടവ് മണ്ണുപ്പാടംറോഡ്, എരണിമങ്ങാട് മൊടവണ്ണ റോഡ്, അകമ്പാടം ആനപ്പാറ റോഡ്, ആനപ്പാറ എളമ്പിലാക്കോട് റോഡ്, എളമ്പിലാക്കോട് നമ്പൂരിപ്പൊടി റോഡ് എന്നിങ്ങനെ അറുപതോളം റോഡുകള്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. മൈലാടിപാലം, പെരുവമ്പാടം പാലം, കാഞ്ഞിരപ്പുഴ പാലം, മൂലേപ്പാടം പാലം എന്നിവ ഗതാഗതരംഗത്ത് പഞ്ചായത്തിന്റെ പുരോഗതി വിളിച്ചറിയിക്കുന്നു. വാളാംതോട് നായാടുംപൊയില്‍ മലയോര ഹൈവേ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങളാണ് പഞ്ചായത്തില്‍ നിലനില്‍ക്കുന്നത്. തടിവ്യവസായമാണ് പഞ്ചായത്തിലെ ഇടത്തരം വ്യവസായരംഗത്തുള്ളത്. ഇഷ്ടിക നിര്‍മ്മാണം, പപ്പട നിര്‍മ്മാണം, അച്ചാര്‍ നിര്‍മ്മാണം എന്നിവയും ചാലിയാര്‍ പഞ്ചായത്തിലെ പ്രധാന വ്യവസായങ്ങളാണ്. പൊതുവിതരണമേഖലയില്‍ 8 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും നീതിസ്റ്റോറും പൊതുവിതരണരംഗത്ത് പഞ്ചായത്തിലുള്ള മറ്റു സംവിധാനങ്ങളാണ്. അകമ്പാടത്താണ് പഞ്ചായത്തിലെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദു ക്രിസ്ത്യന്‍ മുസ്ളീം ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് ചാലിയാര്‍ ഗ്രാമപഞ്ചായത്ത്. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. രാമല്ലൂര്‍ ശിവക്ഷേത്രം, കോണമുണ്ട ദുര്‍ഗ്ഗാ ക്ഷേത്രം, പാറേക്കാട് ക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങള്‍. എടിവണ്ണ സെന്റ് തോമസ് പള്ളി, മൂലപ്പാടം സെന്റ് ജോസഫ് പള്ളി, മുട്ടിയേല്‍ സെന്റ് അല്‍ഫോന്‍സാ പള്ളി എന്നീ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. അകമ്പാടത്ത് രണ്ട് മുസ്ളീം പള്ളികള്‍ സ്ഥിതി ചെയ്യുന്നു. നിലമ്പൂര്‍ വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിലെ വലിയകളം പാട്ടുല്‍സവം ഈ പഞ്ചായത്തിലെ ആദിവാസികളുടെ വാര്‍ഷിക ഉല്‍സവമാണ്. വൈലാശ്ശേരി പൂരം, കുട്ടിച്ചാത്തന്‍കാവ് ആറാട്ടുല്‍സവം എന്നിവയും പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. രാഷ്ട്രീയരംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ഇ.പി.അപ്പുക്കുട്ടന്‍പിള്ള.  ആരോഗ്യപരിപാലനരംഗത്ത് പഞ്ചായത്തില്‍ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം അകമ്പാടത്ത് സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ എളമ്പിലാക്കോട്, എരഞ്ഞിമങ്ങാട്, മണ്ണുപ്പാടം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ആയുര്‍വദ ആശുപത്രിയും, ഒരു ഹോമിയോ ആശുപത്രിയും ആരോഗ്യരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്. നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ നിന്ന് പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്. മൃഗസംരക്ഷണരംഗത്ത് അകമ്പാടത്ത് ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഉപകേന്ദ്രം എളമ്പിലാക്കോട് പ്രവര്‍ത്തിക്കുന്നു. 1928ല്‍ സ്ഥാപിതമായ എരഞ്ഞിമങ്ങാട് ഗവ.എല്‍.പി.സ്കൂളാണ് പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം ഇട്ടത്. സര്‍ക്കാര്‍ മേഖലയില്‍ പഞ്ചായത്തില്‍ 5 എല്‍.പി.സ്കൂളുകളും രണ്ട് യു.പി.സ്കൂളുകളും ഒരു ഹൈസ്കൂളും ഒരു ഹയര്‍സെക്കന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ 3 സ്കൂളുകളും മൈലാടിയില്‍ ഒരു കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, അകമ്പാടം റൂറല്‍ ബാങ്ക് എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ചാലിയാര്‍ സര്‍വ്വീസ് സഹകരണബാങ്ക്, സഹകരണ അര്‍ബന്‍ ബാങ്ക്, എടിവണ്ണ വനിത സഹകരണ സംഘം, അകമ്പാടം വനിത സഹകരണസംഘം എന്നിവ സഹകരണമേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. സാംസ്കാരിക രംഗത്തെ പഞ്ചായത്തിലെ സാന്നിദ്ധ്യമാണ് പഞ്ചായത്ത് വക ഗ്രന്ഥശാല. 1960-70 കാലഘട്ടങ്ങളില്‍ അകമ്പാടത്ത് പ്രവര്‍ത്തിച്ചിരുന്ന വിക്ടറി റീഡേഴ്സ് ക്ളബിന്റെ ഗ്രന്ഥശാലയായിരുന്നു പഞ്ചായത്തിലെ ആദ്യ ഗ്രന്ഥശാല. രാജീവ് ഗാന്ധി സ്മാരക സാംസ്കാരിക നിലയം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് നിലമ്പൂരാണ്. എടിവണ്ണ, എരഞ്ഞിമങ്ങാട് എന്നിവിടങ്ങളിലാണ് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അകമ്പാടത്ത് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നു. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി ഒരു കൃഷിഭവന്‍ അകമ്പാടത്ത് പ്രവര്‍ത്തിക്കുന്നു. അകമ്പാടത്ത് ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.