ചാലിയാർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചാലിയാര്‍

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍, നിലമ്പൂര്‍ ബ്ളോക്കിലാണ് ചാലിയാര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചാലിയാര്‍ ഗ്രാമപഞ്ചായത്തിനു 124.28 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചുങ്കത്തറ പഞ്ചായത്തും, കിഴക്കുഭാഗത്ത് പോത്തുകല്ല് പഞ്ചായത്തും, നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയും, തെക്കുഭാഗത്ത് മമ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചുങ്കത്തറ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളുമാണ്. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ ഏകദേശം 7 ശതമാനം ഭൂപ്രദേശം സമതലങ്ങളും, 38 ശതമാനം ചെറുകുന്നുകളും, 65 ശതമാനം മലമ്പ്രദേശങ്ങളുമാണ്. ചരിത്രാതീത കാലത്തു തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി ചാലിയാര്‍ പുഴയുടെ സമീപപ്രദേശമായ തണ്ണീരാംചാല്‍ എന്ന സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുള്ള നന്നങ്ങാടിയുടെ അവശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം. 1979-ല്‍ ഡിസംബര്‍ 25-ാംതീയതിയാണ് ചാലിയാര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. മരവ്യവസായത്തിന്റെ ഭൂപടത്തില്‍ പണ്ടുകാലം മുതല്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന ഈ പ്രദേശത്തുനിന്ന് മരവ്യവസായത്തിനു പേരുകേട്ട ചാലിയത്തേക്കാണ് മരം കൊണ്ടുപോയിരുന്നത്. അങ്ങനെ ചാലിയത്തേക്ക് ഒഴുന്ന ആറ് എന്നര്‍ത്ഥത്തിലാണ് ചാലിയാറിന് ഈ പേര് വന്നത്. ചാലിയാറിനാല്‍ ചുറ്റപ്പെട്ട ഈ പഞ്ചായത്തിന് ചാലിയാര്‍ എന്ന പേര് അന്വര്‍ത്ഥമായി. ഈ പഞ്ചായത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി, 1988 ഫെബ്രുവരി 6-ന് നിലവില്‍ വന്നു. പി.ടി.ഉമ്മര്‍ ആയിരുന്നു ആദ്യപ്രസിഡന്റ്. പശ്ചിമഘട്ടത്തിലെ വെള്ളരി മലയുടെ പടിഞ്ഞാറു ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന കുറുവന്‍ പുഴയും കിഴക്കുഭാഗത്തു നിന്നുത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയും അതിരിടുന്ന അതിമനോഹരമായ പ്രദേശമാണ് ചാലിയാര്‍ പഞ്ചായത്ത്. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന സുന്ദരമായ പ്രദേശമാണ് ചാലിയാര്‍. പഞ്ചായത്തിന്റെ തെക്കുഭാഗത്ത് ചാലിയാര്‍പുഴയും പടിഞ്ഞാറുഭാഗത്ത് കുറുവന്‍പുഴയുടെ ഒരുഭാഗവും ഒഴുകുന്നു. മാണിക്കമുടി, കുറുമന്‍കുന്ന്, തമ്പുരാന്‍കൊല്ലി തുടങ്ങിയ മലകളും വെള്ളരി മലയും പഞ്ചായത്തിനു അതിരിടുന്നു. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ മലയായ വെള്ളരിമലയുടെ ഉയരം 2142 മീറ്ററാണ്. തമ്പുരാന്‍കൊല്ലിമല 1805 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ്. പ്രസ്തുത വന്‍മലകളും, കുസുമ്പാസമല, കൊളപ്പട്ടിമല, പൊട്ടന്‍പാറമല, മഞ്ഞപ്പാറമല, മാണിക്യമുടി, 

അമ്പുമല എന്നീ ചെറുമലകളും എല്ലാം ചേര്‍ന്നു പഞ്ചായത്തിന്റെ കാലാവസ്ഥയെ ഏറെ സ്വാധീനിക്കുന്നുണ്ട്.